നാഗ്പൂര്‍: ചായ കൊടുത്തില്ലെന്ന കാരണത്തില്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയ പാതിയാക്കി ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി. നവംബര്‍ മൂന്നിന് നാഗ്പൂരിലെ മൗദ തഹസില്‍ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്.
അന്നേദിവസം എട്ടു സ്ത്രീകള്‍ക്ക് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. നാലു സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്തുകയും മറ്റ് സ്ത്രീകള്‍ക്ക് അനസ്‌തേഷ്യ നല്‍കുകയും ചെയ്ത ശേഷം ഡോക്ടര്‍, ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇതുകേട്ടില്ല. രോഷാകുലനായ ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഡോക്ടര്‍ ഭലവി പോയശേഷം ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടപ്പോള്‍ അനസ്തേഷ്യ നല്‍കിയ സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ മറ്റൊരു ഡോക്ടറെ അയക്കുകയായിരുന്നു.
സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപംനല്‍കിയതായി നാഗ്പൂര്‍ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശര്‍മ്മ ഒരു ടെലിഫോണ്‍ കോളിലൂടെ അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും.
Post a Comment
0 Comments