ബദിയടുക്ക: നവവധുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലനില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി മുഹമ്മദ് - ബീഫാത്തിമ ദമ്പതികളുടെ മകള്‍ ഉമൈറ ബാനു (21)വിനെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദിയടുക്ക പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ സമയത്ത് യുവതിയുടെ വീട്ടിലാണ് സംഭവം. ഉക്കിനടുക്കയിലെ താജുദ്ദീനുമായി 25 ദിവസം മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. വീട്ടുകാര്‍ കര്‍ണാടകയിലെ കുടുംബ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്.
ഭാര്യയുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയി തിരിച്ച് വന്നപ്പോള്‍ വാതില്‍ അടച്ചിരുന്നുവെന്നും വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മുറിക്കകത്തുള്ള ഫാനില്‍ ഉമൈറയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും ഭര്‍ത്താവ് താജുദ്ദീന്‍ മൊഴി നല്‍കി. കയര്‍ മുറിച്ച് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തുനിന്നും യുവതിയുടെ മൊബൈല്‍ ഫോണും, നോട് പുസ്തകവും യുവതി കഴിച്ച് വരുന്ന മരുന്നിന്റെ ചീട്ടുകളും ശേഖരിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സിറാജ്, ഹുദൈഫ്, ബുശ്‌റ.
Post a Comment
0 Comments