കാസര്‍കോട്: ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്‍കുന്നതിന് രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിട ഗിരിയെ ഒടുവില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. 1960ലെ കെസിഎസ് ചട്ടത്തിലെ ഉപചട്ടം 10 പ്രകാരം 2023 ഒക്ടോബര്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അച്ചടക്ക നടപടിക്ക് വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ജോയിന്റ് സെക്രടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം ഉപജീവന ബത്തക്ക് അര്‍ഹതയുണ്ടായിരിക്കും.
പി.എം അബ്ബാസ് എന്നയാള്‍ക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് അടുത്തുള്ള തീയതി ലഭിക്കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ഡോ. വെങ്കിടഗിരിയെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ന്ന് അറസ്റ്റിലായ ഡോക്ടറെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
നേരത്തെ ഒരു തവണ കൈക്കൂലി ആരോപണം ഉണ്ടായപ്പോള്‍ സസ്പെന്‍ഷന് വിധേയമായിട്ടുള്ള ഡോക്ടര്‍ നടപടി പിന്‍വലിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ തന്നെ സേവനമുഷ്ഠിച്ച് വരികയായിരുന്നു. അതിനിടെയാണ് മറ്റൊരു കേസില്‍ അറസ്റ്റിലായത്.
Post a Comment
0 Comments