നീലേശ്വരം: മരപ്പലക കൊണ്ട് മകന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മാതാവ് മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ ടി രാജന്റെ ഭാര്യ രുഗ്മിണി (57) യാണ് മരിച്ചത്. മകന്‍ സുജിത്തിനെ അറസ്റ്റ് ചെയ്ത നീലേശ്വരം പൊലീസ് കോടതിയില്‍ ഹാജരാക്കി കോടതി നിര്‍ദേശ പ്രകാരം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ തുടര്‍ച്ചയായി ഫോണ്‍ ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തതോടെയാണ് പ്രകോപിതനായ യുവാവ് വീട്ടില്‍ ഉണ്ടായിരുന്ന മരപ്പലക കൊണ്ട് തലക്കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടിയേറ്റ് തല പിളര്‍ന്ന് അബോധാവസ്ഥയിലായ രുഗ്മിണിയെ ആദ്യം നീലേശ്വരത്തെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവശിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ രുഗ്മിണി ചോര വാര്‍ന്ന് തറയില്‍ കിടക്കുകയായിരുന്നു. അക്രമാസക്തനായ യുവാവ് മരപ്പലക കൊണ്ട് ആളുകള്‍ എത്തിയപ്പോഴും മാതാവിനെ അടിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.
തടയാന്‍ ചെന്ന അയല്‍വാസികളെ ഇയാള്‍ വീട്ടിന് അകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. ഇവര്‍ വിവരം അറിയിച്ചത്തിനെ തുടര്‍ന്ന് എസ് ഐ പ്രേംസദന്‍, എസ് ഐ ടി വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുതിച്ചെത്തി. പൊലീസ് എത്തിയിട്ടും സുജിത്ത് വഴങ്ങാന്‍ തയാറായില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് രുഗ്മിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സഹകരണ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. വെന്റിലേറ്ററിലായിരുന്ന രുഗ്മിണി മരുന്നുകളൊന്നും പ്രതികരിക്കാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് മരണം സംഭവിച്ചത്. മാനസിക വെല്ലുവിളിയുള്ള സുമിത്ത് ഇളയ മകനാണ്. സുജിത്തിനെതിരെ പൊലീസ് നേരത്തെ വധശ്രമത്തിനാണ് കേസെടുത്തത്. രുഗ്മിണി മരിച്ചതോടെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് സൂചന.
Post a Comment
0 Comments