Type Here to Get Search Results !

Bottom Ad

വിടപറഞ്ഞത് സിപിഎമ്മിന്റെ പ്രതിരോധ മുഖം; ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്


തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം 5ന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കുക. രാവിലെ 11 മണി മുതല്‍ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദര്‍ശനം നടക്കും. ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ആനത്തലവട്ടം ആനന്ദന്‍. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൂന്നുതവണ എം.എല്‍.എ ആയിരുന്നു. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായിരുന്ന അദ്ദേഹം രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സിപിഎമ്മില്‍ ബ്രാഞ്ച് സെക്രട്ടറി, ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്.1979 മുതല്‍ 84-വരെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

1985ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ല്‍ കാവിയാട് ദിവാകര പണിക്കരെ തോല്‍പ്പിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ല്‍ വക്കം പുരുഷോത്തമനെ 1016 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് വീണ്ടും ആറ്റിങ്ങലിന്റെ ജനപ്രതിനിധിയായി. 2006-ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 11208 വോട്ടുകള്‍ക്ക് സി. മോഹനചന്ദ്രനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി.

1937 ഏപ്രില്‍ 22ന് തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. ചിറയിന്‍കീഴ് ചിത്രവിലാസം, കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി എന്നീ സ്‌കൂളുകളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദന്‍ 1950 കളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ പൊതുപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കയര്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad