കാസര്‍കോട്: ദേശീയ പാതയിലെ പുതിയ അടിപ്പാതകളുടെ നിര്‍മാണം സംബന്ധിച്ച് ബി.ജെ.പി നടത്തുന്ന പ്രചരണം അപഹാസ്യമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ജില്ലയിലെ ജനവാസ കേന്ദ്രങ്ങളില്‍ യാത്രാ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് ചെയര്‍മാന്‍ സി.ടി അഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികളും മുസ്‌ലിം ലീഗ് നേതാക്കളുമടങ്ങുന്ന നിവേദക സംഘം ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് ജനങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളുംബോധ്യപ്പെടുത്തുകയും മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് ചെങ്കള പഞ്ചായത്തിലെ നായന്മാര്‍മൂല, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ തുടങ്ങിയ പ്രദേശങ്ങളിലടക്കം ജില്ലയില്‍ കൂടുതല്‍ അടിപ്പാതകള്‍ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഇതു തങ്ങളുടെ നേട്ടമായി ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. കേന്ദ്രത്തില്‍ ഭരണമുണ്ടായിട്ടും ജില്ലയിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ജനവാസ കേന്ദ്രങ്ങളിലെ യാത്രാദുരിതം പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലുമനക്കാത്ത ബി.ജെ.പി സത്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രചാരണങ്ങളാണ് നടത്തുന്നത്.
മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും യു.ഡി.എഫ് ജനപ്രതിനിധികളുടെയും പ്രവര്‍ത്തന ഫലമായി നടക്കുന്ന വികസന പദ്ധതികള്‍ ബി.ജെ.പി യുടെഅക്കൗണ്ടില്‍ വരവ് വെക്കാന്‍ ശ്രമിക്കുന്നത് തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ജില്ലയിലെ ദേശീയപാത നിര്‍മാണവുമായി നടക്കുന്ന പ്രവര്‍ത്തന ങ്ങളില്‍ ബി.ജെ.പി നേതാക്കളുടെ കൈകടത്തലും അവിഹിത ഇടപെടലുകള്‍ ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. നാട്ടില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും തങ്ങളാണ് നടത്തിയതെന്ന് വീമ്പിളക്കുന്ന ബി.ജെ.പി നേതൃത്വത്തിന് ജില്ലക്ക് വേണ്ടി ചെയ്ത ഒറ്റപ്രവര്‍ത്തനവും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.
മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രത്യേക താല്‍പ്പര്യമെടുത്താണ് എം.പിമാരുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് നിവേദക സംഘ ത്തെ അയച്ചത്. നിവേദക സംഘവുമായി ചര്‍ച്ച നടത്തിയ കേന്ദ്ര ദേശീയ പാത വകുപ്പ് മന്ത്രി നിവേദക സംഘത്തിനോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ബി.ജെ.പി ജില്ലാ നേതൃത്വം നടത്തുന്ന അവകാശവാദം പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.
Post a Comment
0 Comments