Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്: വിധിക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ പൂര്‍ത്തിയായി; കേസ് 16ലേക്ക് മാറ്റി


കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നടന്നുവരികയായിരുന്ന എല്ലാ നടപടികളും പൂര്‍ത്തിയായി. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായ ശേഷം അന്തിമവാദവും പിന്നീട് സാക്ഷിമൊഴികള്‍ സംബന്ധിച്ച പ്രോസിക്യൂഷന്റെ വിലയിരുത്തലുകളും പ്രതിഭാഗം അഭിഭാഷകരുടെ വിശകലനങ്ങളും എല്ലാം പൂര്‍ത്തിയായതോടെ ഇനി കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കുക എന്ന നടപടിക്രമം മാത്രമാണ് ബാക്കിയുള്ളത്.

കേസ് ഒക്ടോബര്‍ 16ലേക്ക് കോടതി മാറ്റിവച്ചു. മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ കേസിന്റെ വിധി പറയുന്ന തീയതി അന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 2017 മാര്‍ച്ച് 21ന് രാത്രി യാണ് റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറിയ സംഘം കഴുത്തറുത്ത് കൊല പ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, രണ്ടാം പ്രതി കേളുഗുഡ്ഡെയിലെ നിതിന്‍, മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് വിചാരണ നേരിട്ടത്.

അറസ്റ്റിലായതു മുതല്‍ ജാമ്യം പോലും ലഭിക്കാതെ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെയാണുള്ളത്. റിയാസ് മൗലവി വധക്കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും രണ്ടു വര്‍ഷക്കാലം കോവിഡ് മഹാമാരി കാരണം പല ഘട്ടങ്ങളിലായി കോടതി അടച്ചിടേണ്ടിവന്നതും കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചതും ഇതിനിടെ പ്രോസിക്യൂട്ടര്‍ മരണപ്പെട്ടതുമെല്ലാം തുടര്‍നടപടികള്‍ തടസപ്പെടാന്‍ കാരണമായിരുന്നു. വിചാരണ തന്നെ പലപ്പോഴായി നീണ്ടുപോയിരുന്നു.

അന്തിമവാദവും ജഡ്ജിമാരുടെ സ്ഥലംമാറ്റം കാരണം ഇടയ്ക്കിടെ തടസപ്പെടുന്ന സ്ഥിതിയുണ്ടായി. സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് അന്തിമവാദത്തിന് ശേഷമുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഏറ്റവുമൊടുവില്‍ ചുമതലയേറ്റ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്തിമ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad