കാസര്‍കോട്: ശാന്തിപ്പള്ളം സ്വദേശിയും കൊലക്കേസ് പ്രതിയുമായ അബ്ദുല്‍ റഷീദിനെ തലയ്ക്ക് കല്ലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. നേരത്തെ പെര്‍വാഡ് താമസിച്ചിരുന്ന അഭിലാഷ് എന്ന ഹബീബ് എന്ന ബഹബി (32)യെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.
ഞായറാഴ്ച ഉച്ചമുതല്‍ ഒരു ബൈക്കില്‍ ഇരുവരും കറങ്ങി നടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇരുവരും സ്ഥിരമായി രാത്രി കുണ്ടങ്കേരടുക്കയില്‍ വന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹബീബിനെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊലപാതകമാണെന്നു ഉറപ്പാക്കിയ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് ഹബീബിനെ പിടികൂടിയത്. കാസര്‍കോട്ടെ ഷാനു എന്ന ഷാനവാസ് കൊലക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ റഷീദ്. ഷാനവാസിന്റെ സുഹൃത്താണ് പിടിയിലായ ഹബീബ്.
ഞായറാഴ്ച രാത്രി മദ്യ ലഹരിയിലുണ്ടായ തര്‍ക്കം മാത്രമാണോ കൊലപാതകത്തിലേയ്ക്കു നയിച്ചതെന്ന കാര്യത്തില്‍ സംശയമുണ്ട്. ആ കൊലപാതകത്തിനുള്ള പ്രതികാരമാണോ റഷീദിന്റേതെന്ന കാര്യത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഹബീബ് ഏതാനും ആഴ്ചകളായി കുമ്പള, മാവിനക്കട്ടയിലെ സമൂസ റഷീദിന്റെ റൂമിലായിരുന്നു താമസം. ഷാനു കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം റഷീദ് തേപ്പു ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിലാണ് ഹബീബുമായി വീണ്ടും ചങ്ങാത്തം സ്ഥാപിച്ച് ഒന്നിച്ചു താമസിച്ചുവന്നത്. കൊല്ലപ്പെടുന്നതിന് തലേ രാത്രിയും ഇരുവരും സ്ഥലത്തെത്തുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഇരുവരും വാക്കു തര്‍ക്കം ഉണ്ടാവുകയും റഷീദിനെ തള്ളിയിടുകയും ചെയ്തുവെന്നാണ് പൊലിസിന് ലഭിച്ച വിവരം.
ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് ശാന്തിപ്പള്ളത്തെ അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദ് (38) കൊല്ലപ്പെട്ടത്. തലയ്ക്ക് കരിങ്കല്ലിട്ട് കൊലപ്പെടുത്തിയ നിലയില്‍ തിങ്കളാഴ്ച രാവിലയാണ് കുണ്ടങ്കേരടുക്ക ഐഎച്ച്ആര്‍ഡി കോളജിനു സമീപത്തെ മൈതാനത്തിനു അടുത്തുള്ള കുറ്റിക്കാട്ടില്‍ റഷീദിന്റെ മൃതദേഹം കണ്ടത്.
Post a Comment
0 Comments