നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പത്തുവയസുകാരിയായ വീട്ടുജോലിക്കാരിയെ അഞ്ചു ദിവസത്തോളം കുളിമുറിയില്‍ പൂട്ടിയിട്ട് ദമ്പതികളുടെ ക്രൂരത. ഈ ദിവസങ്ങളിലെല്ലാം കുട്ടി പട്ടിണിയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റിരുന്നു. ബേസ-പിപ്ല റോഡിലെ അഥര്‍വ നഗരിയിലെ വീട്ടില്‍ താമസിക്കുന്ന താഹ അര്‍മാന്‍ ഇസ്തിയാഖ് ഖാന്‍ -ഹിന ദമ്പതികളാണ് പെണ്‍കുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്.
പെണ്‍കുട്ടിയെ കുളിമുറിയില്‍ പൂട്ടിയിട്ട് കുറച്ച് ബ്രഡ് പായ്ക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത ശേഷം വാതില്‍ പൂട്ടി ദമ്പതികള്‍ സ്ഥലം വിടുകയായിരുന്നു. വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനായി ഫ്ളാറ്റിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ അയല്‍വാസികളെ വിവരമറിയിക്കുകയും പൂട്ട് തകര്‍ത്ത് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
താഹ അര്‍മാനെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യ ഹിനയും ഭാര്യാസഹോദരനായ അസ്ഹറും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത്, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തല്‍, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post a Comment
0 Comments