കാസര്‍കോട്: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി മറികടക്കാന്‍ ഇത്തവണ ജനകീയ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ സി.പി.എമ്മില്‍ ആലോചന. കെ.കെ ശൈലജയുടേയും കെ രാധാകൃഷ്ണന്റെയുമെല്ലാം പേരുകള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പറഞ്ഞ് കേള്‍ക്കുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 ലോക്സഭാ സീറ്റില്‍ 19 എണ്ണത്തിലും പരാജയപ്പെട്ട് വന്‍ തിരിച്ചടിയാണ് എല്‍.ഡി.എഫിന് കഴിഞ്ഞ തവണ കിട്ടിയത്.
കണ്ണൂര്‍ മണ്ഡലത്തിലാണ് കെ.കെ ശൈലജയുടെ പേര് പ്രധാനമായും ഉയര്‍ന്നുവരുന്നത്. ശൈലജ ടീച്ചറുടെ ജനപ്രീതി വോട്ടായി മാറിയാല്‍ നിലവില്‍ യു.ഡി.എഫിന്റെ കയ്യിലുള്ള സീറ്റ് വലിയ വിയര്‍പ്പൊഴുക്കാതെ കിട്ടുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. വടകരയിലും ടീച്ചറുടെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന ആലത്തൂരില്‍ യു.ഡി.എഫ് കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയിരിന്നു. ആ സീറ്റ് തിരിച്ചുപിടിക്കാന്‍ മന്ത്രി കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ക്കുണ്ട്. എന്നാല്‍ കെ. രാധാകൃഷ്ണന്‍ അനുകൂലമായി പ്രതികരിക്കാന്‍ സാധ്യതയില്ല.
കാസര്‍കോടും കഴിഞ്ഞ തവണ കൈവിട്ടു. ഈ മണ്ഡലം തിരിച്ചുപിടിക്കാന്‍ മുന്‍ എം.എല്‍.എയും സംസ്ഥാന കമ്മിറ്റി അംഗവുമായി ടി.വി രാജേഷിനെയാണ് പാര്‍ട്ടി ആലോചിക്കുന്നത്. എന്നാല്‍ മുസ്ലിം ന്യൂനപക്ഷവോട്ടുകള്‍ കാര്യമായിട്ടുള്ള മണ്ഡലത്തില്‍ രാജേഷ് മത്സരിച്ചാല്‍ ഷുക്കൂര്‍ കേസ് പ്രതിപക്ഷം ഉയര്‍ത്തുമോ എന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്. വി.പി.പി മുസ്തഫയുടെ പേരും പരിഗണനയിലുണ്ട്. കോഴിക്കോട് വസീഫ്, ആലപ്പുഴയില്‍ ആരിഫ്, പത്തനംതിട്ടയില്‍ തോമസ് ഐസക്, പൊന്നാനിയില്‍ കെ.ടി ജലീല്‍, കൊല്ലത്ത് ചിന്ത ജെറോം എന്നിങ്ങനെയും സാധ്യതകള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ചും അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിനോയ് വിശ്വവും, തൃശ്ശൂരില്‍ വി.എസ് സുനില്‍ കുമാറും മത്സരിക്കുമെന്നാണ് സൂചന.
Post a Comment
0 Comments