Type Here to Get Search Results !

Bottom Ad

നിപ വൈറസ് മരണനിരക്ക് കോവിഡിനേക്കാള്‍ വളരെ കൂടുതലാണെന്ന് ഐസിഎംആര്‍


ന്യൂഡല്‍ഹി; നിപ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് കോവിഡ് 19 മഹാമാരിയെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു. കോവിഡ് മരണനിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണെങ്കില്‍ നിപ മരണനിരക്ക് 40 മുതല്‍ 70 ശതമാനം വരെയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ മാരകമായ വൈറസ് പടരുന്നത് തടയാന്‍ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അവകാശപ്പെട്ട ഐസിഎംആര്‍ മേധാവി എന്തുകൊണ്ടാണ് സംസ്ഥാനത്ത് കേസുകള്‍ ഉയര്‍ന്നുവരുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞു. 2018ല്‍ കേരളത്തില്‍ പടര്‍ന്നുപിടി നിപ വവ്വാലുകളുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. വവ്വാലുകളില്‍ നിന്ന് എങ്ങനെ മനുഷ്യരിലേക്ക് അണുബാധ പടര്‍ന്നുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. അതുമായുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സമയത്തും ഞങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് എല്ലായ്പ്പോഴും മഴക്കാലത്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിപ വൈറസ് ബാധയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യ 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡികള്‍ കൂടി വാങ്ങുമെന്ന് ഐസിഎംആര്‍ മേധാവി അറിയിച്ചു. 2018ല്‍ ഓസ്ട്രേലിയയില്‍ നിന്ന് മോണോക്ലോണല്‍ ആന്റിബോഡിയുടെ ചില ഡോസുകള്‍ ലഭിച്ചിരുന്നു. അണുബാധയുടെ പ്രാരംഭ ഘട്ടത്തില്‍ മരുന്ന് നല്‍കേണ്ടതുണ്ട്. മരുന്നിന്റെ സുരക്ഷിതത്വം സ്ഥാപിക്കുന്നതിനുള്ള ഒന്നാം ഘട്ട പരീക്ഷണം മാത്രമാണ് പുറത്ത് നടത്തിയത്. കാര്യക്ഷമതാ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. ആഗോളതലത്തില്‍ 14 രോഗികള്‍ക്ക് ആന്റിബോഡി വിജയകരമായി നല്‍കിയെങ്കിലും ഇന്ത്യയില്‍ ആര്‍ക്കും ഇതുവരെ ഡോസ് നല്‍കിയിട്ടില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad