കാസർകോട്: നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞ് കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനും അംഗഡിമുഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയുമായ ഫർഹാസ് (17) മരണപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപോർട്. പൊലീസ് പിന്തുടർന്നതാണ് വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെടാൻ കാരണമായതെന്നായിരുന്നു ആരോപണം.
ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപോർടിൽ പറയുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസില്ലെന്നും റിപോർട് ചൂണ്ടിക്കാട്ടുന്നു. കാറിലുണ്ടായിരുന്നത് വിദ്യാർഥികളാണെന്ന് അറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷമാണെന്നാണ് ആരോപണ വിധേയരായ പൊലീസുകാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുള്ളത്.
പ്രാഥമിക അന്വേഷണ റിപോർട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് കൈമാറിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്. സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Post a Comment
0 Comments