കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. കോഴിക്കോട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലെ പ്രധാന ഗായികയായി ഹിന്ദി ഗാനങ്ങള്‍ പാടിയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി.അബ്ദുസലാം മാഷിനെ 18-ാം വയസ്സില്‍ വിവാഹം ചെയ്തു. തുടര്‍ന്നു കഥാപ്രസംഗം അവതരിപ്പിച്ചു വേദികള്‍ കീഴടക്കി.
ഇസ്‌ലാമിക കഥകള്‍ക്കു പുറമേ കേശവദേവിന്റെ ഓടയില്‍നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ കല്യാണവീടുകളിലും ക്ഷേത്രങ്ങളിലും മറ്റു സ്റ്റേജുകളിലും സ്വദേശത്തും വിദേശത്തും അവതരിപ്പിച്ചു. അറബിമലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ പ്രണയകാവ്യമായ ഹുസ്‌നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ കഥാപ്രസംഗം പലവേദികളിലും അവതരിപ്പിച്ചു. പതിനായിരത്തില്‍പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു. 1971 ല്‍ ഭര്‍ത്താവുമൊന്നിച്ച് സിംഗപ്പൂരില്‍ കഥാപ്രസംഗം അവതരിപ്പിച്ചതാണു വിദേശത്തെ ആദ്യ വേദി. 2018 വരെ പരിപാടികള്‍ അവതരിപ്പിച്ചു. 35ല്‍ പരം ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും 500ല്‍പരം കാസറ്റുകളിലും പാടിയ റംല ബീഗം 300ല്‍ പരം അംഗീകാരങ്ങളും അവാര്‍ഡുകളും ഏറ്റുവാങ്ങിയിട്ടുണ്ട്.
Post a Comment
0 Comments