ചെന്നൈ: വിജയ് യുടെ പുതിയ സിനിമയായ 'ലിയോ'യിലെ 'നാ റെഡി...' എന്ന പാട്ടില്‍നിന്ന് മദ്യപാനത്തെയും പുകവലിയെയും ആഘോഷിക്കുന്ന വരികള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. പാട്ടുരംഗത്തില്‍നിന്ന് മദ്യപാനത്തിന്റെയും പുകവലിയുടെയും ദൃശ്യങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റിലീസിനൊരുങ്ങുന്ന ലിയോയിലെ നാ റെഡി എന്ന പാട്ട് രണ്ടുമാസം മുമ്പാണ് പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ വിജയ് തന്നെയാണ് പാട്ടു പാടിയിരിക്കുന്നത്. യുവാക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതിലെ വരികള്‍ എന്നുകാണിച്ച് അണൈത്തു മക്കള്‍ അരസിയല്‍ കക്ഷി പ്രസിഡന്റ് രാജേശ്വരി പ്രിയ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കുകയായിരുന്നു. അത്തരം വരികള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞദിവസം കത്തയച്ചു. ഇതേപാട്ട് ഗുണ്ടായിസത്തിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കാണിച്ച് സെല്‍വം എന്നയാള്‍ നേരത്തേ പോലീസിന് പരാതി നല്‍കിയിരുന്നു. ലോകേഷ് കനകരാജ് ആണ് ലിയോയുടെ സംവിധായകന്‍.
Post a Comment
0 Comments