കാസര്‍കോട്: ചെറുവത്തൂരിലെ ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാരി തൃക്കരിപ്പൂര്‍ ഒളവറയിലെ രജനിയെ (35) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രമാദമായ കേസില്‍ ഒന്നാം പ്രതി നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സതീശനെ (41) 302-ാം വകുപ്പ് പ്രകാരം മരണം വരെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും വിധിച്ചു. ഇതുകൂടാതെ തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. രണ്ട് വകുപ്പുകളിലുമായി പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കഠിന തടവ് അനുഭവിക്കണം.
കേസിലെ രണ്ടാം പ്രതി ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയും മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വദേശിയുമായ ബെനഡിക്റ്റ് എന്ന ബെന്നി (48) യെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അഞ്ചു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ അടക്കാനും ശിക്ഷിച്ചു. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) എ മനോജാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ച കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷയാണ് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പ്രഖ്യാപിച്ചത്.
2014 സെപ്തംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. ദുരൂഹ സാഹചര്യത്തില്‍ കാണാതായ രജനിയെ ദിവസങ്ങള്‍ കഴിഞ്ഞാണ് നീലേശ്വരം കണിച്ചിറയിലുള്ള സതീശന്‍ മുമ്പു താമസിച്ചിരുന്ന വീടിന് സമീപമുള്ള കാടുപിടിച്ച പറമ്പില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. സതീശനും രജനിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. സംഭവ ദിവസം ചെറുവത്തൂരിലെ ഹോം നഴ്സിംഗ് സ്ഥാപനത്തില്‍ വെച്ച് സതീശനുമായി രജനി വിവാഹ കാര്യം സംസാരിച്ചിരുന്നു. അടുപ്പം തുടരുന്ന സാഹചര്യത്തില്‍ തന്നെ എത്രയും വേഗം വിവാഹം ചെയ്യണമെന്നായിരുന്നു രജനി സതീശനോട് ആവശ്യപ്പെട്ടത്.
സതീശന്‍ ഇത് അംഗീകരിച്ചില്ല. ഇതിനിടയുണ്ടായ തര്‍ക്കത്തിനിടയില്‍ സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെ മൂന്ന് മണിയോടെ രജനിയെ സതീശന്‍ അടിക്കുകയും അടികൊണ്ട് രജനി വാതിലില്‍ തലയിടിച്ച് അബോധാവസ്ഥയില്‍ താഴെ വീഴുകയും ചെയ്തു. അടിയേറ്റ് താഴെ വീണ രജനിയെ സതീശന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഹോം നഴ്സിംഗ് സ്ഥാപനത്തില്‍ തന്നെ സൂക്ഷിച്ച ശേഷം പിന്നീട് സഹായിയായ ബെന്നിയുമൊത്ത് വാഹനത്തില്‍ കയറ്റി കിലോമീറ്ററുകള്‍ അകലെയുള്ള നീലേശ്വരത്ത് എത്തിച്ച് കുഴിച്ചുമൂടുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിച്ചതിന് പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി പ്രശംസിച്ചു. ഐപിസി 302, 201 വകുപ്പുകള്‍ പ്രകാരം 2014 ഡിസംബര്‍ 23ന് കോടതി മുമ്പാകെ 400 ഓളം പേജ് വരുന്ന കുറ്റപത്രം അന്നത്തെ സി ഐ ആയിരുന്ന യു പ്രേമനാണ് സമര്‍പിച്ചത്. വിചാരണ വേളയില്‍ 47 സാക്ഷികളെ കോടതി വിസ്തരിക്കുകയും 92 രേഖകള്‍ കേസിന്റെ തെളിവിലേക്കായി സ്വീകരിക്കുകയും ചെയ്തു.
Post a Comment
0 Comments