കാസര്‍കോട്: നായന്മാര്‍മൂലയില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നായന്മാര്‍മൂല എന്‍എച്ച് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ 150-ാം ദിവസമായ നാളെ രാവിലെ പത്തിന് സമരപന്തലില്‍ നിന്നും കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാഷണല്‍ ഹൈവേയില്‍ നാലു റോഡുകള്‍ ഒന്നിക്കുന്ന ജംഗ്ഷനാണ് നായന്മാര്‍മൂല. നാലു ഭാഗത്തേക്കും ഒരേ പോലെ ബസ് റൂട്ട് ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള നായന്മാര്‍മൂലയെ ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്നു. നായന്മാര്‍മൂലയില്‍ നിന്നും ആലംപാടി ബദിയടുക്ക വഴി കാസര്‍കോട് മെഡിക്കല്‍ കോളജിലേക്കും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലേക്കുമുള്ള വഴി കൂടിയാണിത്. പെരുമ്പള ഭാഗത്തു കൂടി കാസര്‍കോട്- കണ്ണൂര്‍ കെഎസ്ടിപി റോഡിലേക്കുള്ള ബൈപാസ് റോഡ് കൂടിയാണ്.
2022 ജൂണിലാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ജൂണ്‍ 17ന് പ്രതിഷേധ ഹൈവേ മാര്‍ച്ച് സംഘടിപ്പിക്കുകയും നായന്മാര്‍മൂലയില്‍ ബഹുജന പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും ഫ്ളൈ ഓവര്‍ നിര്‍മിക്കുന്ന കാര്യത്തില്‍ അധികൃതര്‍ ഭാഗത്തുനിന്ന് തീരുമാനവും ഉണ്ടായില്ല. നാടിന്റെ ആവശ്യങ്ങള്‍ കേട്ട റിയാനോ ഒരുചര്‍ച്ച പോലും ക്ഷണിക്കാനോ അധികൃതര്‍ തയാറായില്ല. തികച്ചും ധാര്‍ഷ്ട്യവും ജനാധിപത്യ സമരത്തോടുള്ള മുഖം തിരിച്ചുനടക്കലും കാരണമാണ് സമരം കടുപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.
നാടിന്റെ തികച്ചും ആവശ്യമായ കാര്യത്തില്‍ സമരം 150 ദിവസം പിന്നിടുന്ന ദിവസം ജില്ലാ ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുന്ന രീതിയിലുള്ള സമരവുമായി ആക്ഷന്‍ കമ്മിറ്റി മുന്നോട്ട് വരുമ്പോള്‍ നാടിന്റെ നാനാദിക്കുകളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ഖാദര്‍ പാലോത്ത്, പിബി അബ്ദുല്‍ സലാം, എഎല്‍ മുഹമ്മദ് അസ്ലം, എകെ ബദറുല്‍ മുനീര്‍, സിഎ ബദറുദ്ധീന്‍, ബഷീര്‍ കടവത്ത്, കരീം നായന്മാര്‍മൂല പങ്കെടുത്തു.
Post a Comment
0 Comments