ലോകസഭയില്‍ പ്രതിപക്ഷത്തെ ഇഡിയുടെ പേരില്‍ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മിണ്ടാതിരുന്നില്ലെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിങ്ങളുടെ വീട്ടില്‍ വരുമെന്നാണ് കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം വെളിയില്‍ വന്നതോടെ വലിയ വിവാദം ആയിട്ടുണ്ട്.
കഴിഞ്ഞദിവസം ലോക്സഭയില്‍ ഡല്‍ഹി സര്‍വീസസ് ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ എംപിമാരെയാണ് മീനാക്ഷി ലേഖി ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. ‘ഒരുമിനിറ്റ് നിശബ്ദരായിരിക്ക്. ഇല്ലെങ്കില്‍ ഇഡി നിങ്ങളുടെ വീട്ടില്‍ വരും’, എന്നായിരുന്നു മീനാക്ഷി ലേഖിയുടെ ഭീഷണി.
മന്ത്രിയുടെ ഈ ഭീഷണിക്കെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയെന്ന് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. ലോക്സഭയില്‍ മന്ത്രിനടത്തിയ പ്രസ്താവന ഒരു മുന്നറിയിപ്പാണോ അതോ ഭീഷണിയാണോ എന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Post a Comment
0 Comments