Type Here to Get Search Results !

Bottom Ad

സെക്രട്ടറി ഇല്ല, ഉണ്ടായിരുന്ന എ.ഇ ഉള്‍പ്പടെ 44 പേരും സ്ഥലംമാറി പോയി, പൂട്ടിയിടേണ്ട സ്ഥിതിയില്‍ കാസര്‍കോട് നഗരസഭ; ഒന്നും ചെയ്യാനാവാതെ ഭരണസമിതി


കാസര്‍കോട്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കൂട്ടത്തോടെയുണ്ടായ സ്ഥലംമാറ്റവും കാരണം കാസര്‍കോട് നഗരസഭ ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍. സംസ്ഥാന പൊതുസ്ഥലംമാറ്റ ലിസ്റ്റിലുള്ള കാസര്‍കോട് നഗരസഭയിലെ 19 ജീവനക്കാരെ സ്ഥലംമാറ്റിയതടക്കം പ്രധാന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 44 പേര്‍ക്കാണ് സ്ഥലമാറ്റമുണ്ടായത്. അല്ലെങ്കില്‍ തന്നെ ജീവനക്കാരുടെ കുറവ് കാരണം ഓഫീസ് പ്രവര്‍ത്തനം താളംതെറ്റിയ സാഹചര്യത്തിലാണ് സെക്രട്ടറി, ഡെ.സെക്ര, എ.ഇ, ആര്‍.ഐ, ഓവര്‍സീയര്‍മാര്‍, ക്ലര്‍ക്കുമാര്‍ എന്നിവരുള്‍പ്പടെ വലിയൊരു വിഭാഗം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്.

നിലവില്‍ നഗരസഭയില്‍ സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വെറും മൂന്നുമാസം മാത്രമുണ്ടായിരുന്ന സെക്രട്ടറിയെയാണ് ഒരു കാരണവുമില്ലാതെ സ്ഥലംമാറ്റിയത്. സ്ഥലംമാറി പോയ സെക്രട്ടറിക്ക് പകരം ആരും വന്നിട്ടില്ല. സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയും പോയതോടെ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്കാണ് ചുമതല. അ്‌ദ്ദേഹം ഇതുവരെയും ചുമതലയെടുത്തിട്ടുമില്ല.

കാലങ്ങളായി ഒരു അസി. എഞ്ചിനീയറുടെ കസേര ഒഴിഞ്ഞുതന്നെയാണ്. ഉണ്ടായിരുന്ന എ.ഇയെ കൂടി സ്ഥലം മാറ്റിയതോടെ കാര്യനിര്‍വഹണ വിഭാഗം പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ബ്ലോക്ക് എ.ഇയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഒരു ദിവസം പോലും ഓഫീസിലെത്തിയില്ല. പകരം ചാര്‍ജ് നല്‍കിയയാളും ഫയലുകള്‍ നോക്കാതായതോടെ എ.ഇയുടെ മേശപ്പുറത്ത് ഫയലുകളുടെ കൂമ്പാരമാണ്.

ഒരു സ്ഥലത്ത് മൂന്നുവര്‍ഷം സര്‍വീസ് പൂത്തിയാക്കിയ ജീവനക്കാരെ സ്ഥലംമാറ്റുമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് കാസര്‍കോട് നഗരസഭയില്‍ സ്ഥലംമാറ്റമുണ്ടായതെന്നാണ് പറയുന്നത്. എന്നാല്‍ മൂന്നു മാസം മുതല്‍ ഒരു വര്‍ഷംവരെ സര്‍വീസുള്ള പലരെയും മാറ്റിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ 19 പേരെ സ്ഥലംമാറ്റി പട്ടിക ഇറങ്ങി. ആ തസ്തികകളിലേക്ക് 13 പേര്‍ക്ക് പുതിയ നിയമനം നല്‍കി. ചുമതലയേറ്റത് ഒരാള്‍ മാത്രം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അയാള്‍ അവധിയിലും പോയി. രണ്ടാഘട്ടത്തില്‍ 25 പേരെ സ്ഥലംമാറ്റി. രണ്ടു എ.ഇമാരെ പകരം നിയമിച്ചെങ്കിലും അവധിയെടുത്ത് ഗള്‍ഫിലേക്ക് പോയ ഒരാളെയാണ് നിയമിച്ചത്. മറ്റൊള്‍ സ്റ്റേ ഓര്‍ഡറും വാങ്ങി. ഉണ്ടായിരുന്ന ഒരു ഓവര്‍സീയറെയും മാറ്റി.

റവന്യൂ വകുപ്പിലും കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നു. റവന്യൂ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ വലിയൊരു വിഭാഗം ജീവനക്കാര്‍ക്ക് സ്ഥലമാറ്റമുണ്ട്. കന്നട അറിയാവുന്ന ഒരു റവന്യൂ ഇന്‍സ്പക്ടറുണ്ടായിരുന്നു. അദ്ദേഹത്തെയും മാറ്റി. ആരോഗ്യവിഭാഗം പൂര്‍ണ നിശ്ചലമാണ്. കൂടുതല്‍ ഉദ്യോഗസ്ഥരും കരുതലും വേണ്ട സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം. അഞ്ചുമാസം മാത്രം സര്‍വീസുള്ളവരെ പോലും സ്ഥലം മാറ്റിയിട്ടുണ്ട്. നിയമനം ലഭിച്ചവരും എത്താത്തതോടെ ഒഴിഞ്ഞ കസേരകള്‍ കണ്ടു മടങ്ങേണ്ട സ്ഥിതിയിലാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad