പാലക്കാട് (www.evisionnews.in): സിപിഐ പാലക്കാട് ജില്ലാക്കമ്മറ്റിയിൽ പരസ്യപ്പോര് മുറുകുന്നതിനിടെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനോട് വിശദീകരണം തേടാനൊരുങ്ങി സിപിഐ ജില്ലാ നേതൃത്വം. ജില്ലാ കൗൺസിലിൽ നിന്ന് രാജിവച്ചെന്ന വാർത്ത വന്ന സാഹചര്യത്തിലാണ് വിശദീകരണം തേടുന്നത്. സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്.
രാജി സംബന്ധിച്ചുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. മുഹ്സിന്റെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ആ വിഷയം ചർച്ചയാകില്ലെന്നാണ് സൂചന. പരസ്യപോരിനെതുടർന്ന് ജില്ലാ കൗൺസിലിൽ കൂട്ടരാജിയാണ് നടന്നത്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസീൻ ഉൾപ്പെടെ 7 പേർ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചതായാണ് വിവരം. പാർട്ടിയുടെ ഏക എംഎൽഎയായ മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി പോരിനിറങ്ങിയിരിക്കുകയാണ്.
ജില്ലാ കൗൺസിലിൽ നിന്നുള്ള നേതാക്കളുടെ രാജി വിഷയം ആഗസ്റ്റ് അഞ്ചിന് ചേരുന്ന ജില്ലാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം മണ്ണാർക്കാട്, പട്ടാമ്പി, നെന്മാറ മണ്ഡലം കമ്മിറ്റികളിൽ പുതിയ സെക്രട്ടറിമാർക്ക് സിപിഐ ചുമതല നൽകി. മൂന്ന് മണ്ഡലം കമ്മിറ്റികളിലെയും അംഗങ്ങളുടെ രാജി നേതൃത്വം സ്വീകരിച്ചു.
ജില്ല നേതൃത്യത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു എന്നാണ് മുഹ്സിൻ ഉൾപ്പെടെയുള്ളവർ നൽകിയ രാജി കത്തിൽ പറയുന്നത്.കത്തിൽ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നതായും സൂചനയുണ്ടായിരുന്നു.
Post a Comment
0 Comments