Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി ബസിടിച്ച് മടിക്കേരിയുടെ 50 വര്‍ഷം പഴക്കമുള്ള പ്രതിമ തകര്‍ന്നു


കുടക്: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് മടിക്കേരിയുടെ നഗരകവാടത്തിലെ 50 വര്‍ഷം പഴക്കമുള്ള ജനറല്‍ കൊഡന്തേര എസ് തിമ്മയ്യ പ്രതിമ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ചെയാണ് നിലംപതിച്ചത്. മംഗ്ളൂറിലേക്ക് സര്‍വീസ് നടത്തേണ്ട കര്‍ണാടക ആര്‍ടിസിയുടെ കെഎ-21-എഫ്-0043 ബസ് ഡിപ്പോയില്‍ നിന്ന് ബസ് സ്റ്റാന്റിലേക്ക് പോവുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പ്രതിമയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പികപ് വാനുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് സംഭവം.

ടോള്‍ ഗേറ്റ് എന്നറിയപ്പെടുന്ന കവലയില്‍ പുലര്‍ചെ 5.30 ഓടെയാണ് അപകടം. കനത്ത മൂടല്‍ മഞ്ഞ് കാരണം പ്രതിമ കണ്ടില്ലെന്ന് ബസ് ഡ്രൈവര്‍ ദാവണ്‍ഗെരെ സ്വദേശി കൊട്രെ ഗൗഡ പറഞ്ഞു. ഡ്രൈവറും കന്‍ഡക്ടര്‍ അരസികരെ സ്വദേശി പുട്ടസ്വാമിയും മാത്രമേ അപകട സമയം ബസില്‍ ഉണ്ടായിരുന്നുള്ളൂ.

ഡ്രൈവറുടെ അടുത്ത സീറ്റില്‍ ഇരുന്ന കന്‍ഡക്ടര്‍ ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചില്ല് തകര്‍ന്ന പഴുതിലൂടെ പുറത്തേക്ക് തെറിച്ചു വീണു. തലയ്ക്ക് പരുക്കേറ്റ കന്‍ഡക്ടറും നേരിയ പരുക്കുള്ള ഡ്രൈവറും ജില്ലയിലെ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

1957 മുതല്‍ 1961 വരെ കരസേനാ മേധാവി സ്ഥാനം വഹിച്ച ജെനറല്‍ കെ എസ് തിമ്മയ്യയുടെ പ്രതിമ കുടക് ജില്ലയിലെ മടിക്കേരിയുടെ നഗരമധ്യത്തിലാണ് സ്ഥാപിച്ചിരുന്നത്. റാഞ്ചിയില്‍ നിര്‍മിച്ച് പ്രത്യേക ലോറിയില്‍ കൊണ്ടുവന്ന് 1973 ഏപ്രില്‍ 21ന് ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ശ്വവ് അനാച്ഛാദനം ചെയ്ത പ്രതിമ ഇത്രയും കാലം പോറലില്ലാതെ നില്‍ക്കുകയായിരുന്നു. ക്രയിന്‍ സഹായത്തോടെ പ്രതിമ തിമ്മയ്യ മ്യൂസിയത്തിന്റെ മൂലയിലേക്ക് മാറ്റി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad