കാസര്‍കോട്: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ 97 വര്‍ഷം തടവിനും 8.30 ലക്ഷം രൂപ പിഴ അടക്കാനും കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബഷീറിനെ (41) യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ മുഹമ്മദ് ബശീര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടി കോടതിയില്‍ മൊഴി മാറ്റിയിട്ടും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കുകയായിരുന്നു. 2019ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ ഉടനെ പെണ്‍കുട്ടി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ എത്തി വിവരങ്ങള്‍ സബ് ജഡ്ജിനോട് വിവരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തില്‍ പാര്‍പിക്കുകയും പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും ചെയ്തു. പിതാവ് ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ പഠിക്കാനും സഹായിക്കാനും എന്ന വ്യാജേനയാണ് ബഷീര്‍ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയ സമയങ്ങളിലെല്ലാം കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി.
മഞ്ചേശ്വരം പൊലീസ് എസ്.ഐ ആയിരുന്ന സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആദ്യാന്വേഷണം നടത്തിയത് ഇന്‍സ്പെക്ടര്‍മാരായ എവി ദിനേശും പ രാജേഷുമാണ്. പിന്നീട് കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് ഇപ്പോഴത്തെ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടറായ ഇ. അനൂപ് കുമാറാണ്. അന്വേഷണ സമയത്ത് പൊലീസിന് മുന്നിലും കോടതിയിലും പീഡിപ്പിച്ചുവെന്ന വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് എത്തിയതോടെ പെണ്‍കുട്ടി മൊഴി മാറ്റിയെങ്കിലും തെളിവുകളുടെയും പരിശോധന റിപോര്‍ടുകളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ഇത്രയും വലിയ ശിക്ഷ വിധിക്കുകയും ചെയ്തത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ തടവ് ശിക്ഷയാണിത്. സംസ്ഥാനത്ത് ഇതു രണ്ടാമത്തെ വലിയ ശിക്ഷയാണിത്. പത്തനംതിട്ടയില്‍ പോക്സോ കേസില്‍ പ്രതിയെ 104 വര്‍ഷം തടവിന് ശിക്ഷിച്ചതാണ് ഏറ്റവും കൂടിയ ശിക്ഷ.
Post a Comment
0 Comments