കാസര്‍കോട്: ജില്ലയിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിതകര്‍മ സേനയ്ക്ക് വാതില്‍പ്പടി ശേഖരണത്തിന് നല്‍കേണ്ട യൂസര്‍ ഫീ നിയമപരമായ ബാധ്യതയാണെന്നും യൂസര്‍ ഫീ നല്‍കാത്തത് കുറ്റകരമാണെന്നും ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. യൂസര്‍ ഫീ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.
ഹരിത കര്‍മ സേനാംഗങ്ങള്‍ മുഖേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും യൂസര്‍ ഫീ ഈടാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ട്. കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം എട്ട് (മൂന്നു) പ്രകാരം തദ്ദേശ സ്ഥാപനം അംഗീകരിക്കുന്ന നിയമാവലിയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കണം. യൂസര്‍ഫീ നല്‍കാത്തവര്‍ക്ക് പിഴ ഈടാക്കാനും നിയമാവലിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അജൈവ മാലിന്യ സംസ്‌കരണതിന്റെ അവിഭാജ്യ ഘടകമാണ് ഹരിത കര്‍മ സേനാംഗങ്ങള്‍. മാലിന്യ സംസ്‌കരണം വഴി പൊതുജനാരോഗ്യ സംരക്ഷണം കൂടിയാണ് ഹരിത കര്‍മ സേനാംഗങ്ങള്‍ നിര്‍വഹിക്കുന്നത്. വീടുകളുടെ അകത്തളത്തില്‍ നിന്ന് തന്നെ വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങണമെന്നും ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments