Type Here to Get Search Results !

Bottom Ad

പൊള്ളുന്ന ചൂടിന് ആശ്വാസം; ശനിയാഴ്ച മുതല്‍ മഴ ശക്തമാകും


കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ സെപ്റ്റംബര്‍ രണ്ടിനു ശേഷം മഴ വ്യാപകമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് മഴയ്ക്കു കാരണമാവുക. സെപ്റ്റംബര്‍ മൂന്നിന് മഴ കൂടുതല്‍ ശക്തമാവും.

ആദ്യഘട്ടത്തില്‍ കേരളത്തിലെ തെക്കന്‍ജില്ലകളിലും പിന്നീട് വടക്കന്‍ ജില്ലകളിലുമാണ് മഴ ശക്തമാവുക. സെപ്റ്റംബറില്‍ 250 മി.മീ അധികം മഴ ലഭിക്കാനാണു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.സാധാരണയില്‍ കൂടുതല്‍ മഴയാണ് സെപ്റ്റംബറില്‍ ലഭിക്കുക. കര്‍ക്കിടകമായിട്ടും കേരളത്തില്‍ മഴ നന്നേ കുറവായിരുന്നു. ചിങ്ങത്തിലും മഴ ലഭിച്ചില്ല.

പസഫിക് സമുദ്രത്തിലെ മൂന്ന് ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ രൂപീകരണത്തിനു കാരണമാവുന്നത്. റെഡ് അലര്‍ട്ട് അടക്കം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഉണ്ടാവുകയെന്നും നിരീക്ഷകര്‍ പറഞ്ഞു.
മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ളതിനാല്‍ കിഴക്കന്‍ മലയോര മേഖലകളിലെ വെള്ളച്ചാട്ടങ്ങള്‍, നീര്‍ച്ചാലുകളിലേക്ക് പോവുന്നവര്‍ ജാഗ്രത പാലിക്കണം. ഇന്നലെ മുതല്‍ മലയോര മേഖലകളിലെ വനങ്ങളില്‍ മഴ പെയ്തുതുടങ്ങിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad