Type Here to Get Search Results !

Bottom Ad

പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച നിര്യാതനായി


കാസര്‍കോട്: പ്രമുഖ സാഹിത്യകാരനും അധ്യാപകനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കേരള സാഹിത്യ അകാഡമി അംഗം, കോഴിക്കോട് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബേവിഞ്ചയില്‍ 1954 മെയ് 30ന് അബ്ജുള്ള കുഞ്ഞി മുസ്ലിയാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയും മകനായി ജനിച്ചു. കാസര്‍കോട് ഗവണ്‍മെന്റ്റ് കോളജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം. പട്ടാമ്പി സംസ്‌കൃത കോളജില്‍ നിന്ന് മലയാളത്തില്‍ എം.എ ബിരുദം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍. 1980-81 കാലത്ത് ചന്ദ്രിക ദിന പത്രത്തില്‍ സഹപത്രാധിപര്‍. 1981 മുതല്‍ കാസര്‍കോട് ഗവ. കോളജ് കണ്ണൂര്‍ വിമന്‍സ് കോളജ്, ഗോവിന്ദ്‌പൈ സ്മാരക കോളജ്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ മലയാളം അധ്യാപകന്‍. 2010 മാര്‍ച്ച് 31ന് വിരമിച്ചു. 

കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരി ഷത്തിലും അംഗമാണ്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. ഉബൈദിന്റെ കവിതാലോകം, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍ ഇസ്ലാമിക സാഹിത്യം മലയാളത്തില്‍ പക്ഷിപ്പാട്ട് ഒരു പുനര്‍വായന, പ്രസക്തി, ബഷീര്‍ ദി മുസ്ലിം നിളതന്ന നാട്ടെഴുത്തുകള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. മൊഗ്രാല്‍ കവികള്‍, പള്ളിക്കര എം.കെ. അഹമ്മദിന്റെ മാപ്പിളപ്പാട്ടുകള്‍, പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ മാഹമ്മദം എന്നിവയെ കുറിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.ടി അബ്ജുറഹ്മാന്റെ കറുത്ത മുത്തു തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് മുഖപഠനങ്ങള്‍ എഴുതിയിട്ടുണ്ട്.

അബുദാബി കെ.എം.സി.സി, അബൂദാബി റൈറ്റേഴ്‌സ് ഫോറം, ഷാര്‍ജ കെ.എം.സി.സി, കാസര്‍കോട് സാഹിത്യവേദി, നടുത്തോപ്പില്‍ അബ്ദുല്ല, എം.എസ് മൊഗ്രാല്‍, മൊറയൂര്‍ മിത്രവേദി തുടങ്ങി പത്ത് അവാര്‍ഡുകള്‍. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസക്തി (18 വര്‍ഷം), മാധ്യമം ദിനപത്രത്തില്‍ കാര്യവിചാരം (5 വര്‍ഷം), മാധ്യമം വാരാന്തപ്പതിപ്പില്‍ കഥ പോയ മാസത്തില്‍ (6 വര്‍ഷം), ആരാമം മാസികയില്‍ പെണ്‍വഴികള്‍ (വര്‍ഷം); തൂലിക മാസികയില്‍ ചിന്തന (7 വര്‍ഷം), രിസാല വാരികയില്‍ പ്രകാശകം (3 വര്‍ഷം) എന്നീ കോളങ്ങള്‍ എഴുതി. കാസര്‍ഗോട് വാര്‍ത്താ നെറ്റില്‍ ഹൃദയപൂര്‍വ്വം എന്ന കോളം കൈകാര്യം ചെയ്യുന്നു. ഖുര്‍ആനിക സൗന്ദര്യ ശാസ്ത്രത്തെകുറിച്ച് ഗവേഷണം ചെയ്യുന്നു. മലയാള സാഹിത്യത്തിലെ മതേതരഭാവത്തെ കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad