പള്ളിക്കര: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ കോടികളുടെ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട പോലീസ് നുണ പരിശോധനയ്ക്ക് അവശ്യപ്പെട്ട രണ്ടുപേരും വിസമ്മതിച്ചു. ഉദുമ മാങ്ങാട് കൂളിക്കുന്നിലെ യുവതി, ഇവരുടെ ഭര്‍ത്താവ് എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറല്ലെന്ന് ഹൊസ്ദുര്‍ഗ് കോടതിയെ അറിയിച്ചത്. അന്തരിച്ച ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇവരെ സംശയമുണ്ടെന്ന് പറഞ്ഞിരുന്നു.
നിരവധി തവണ രണ്ടു പേരെയും ചോദ്യം ചെയ്തിട്ടും തെളിവു കിട്ടാതെ വന്നതോടെയാണ് പൊലീസ് നുണ പരിശോധനയ്ക്കുള്ള കോടതി നടപടി തുടങ്ങിയത്. കാണാതായ 596 പവന്‍ ആഭരണങ്ങള്‍ ഈദമ്പതിമാര്‍ അറിയാതെ പോയിട്ടുണ്ടാകില്ലെന്ന് മരിച്ച ഗഫൂര്‍ ഹാജിയുടെ മകന്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപം ബൈത്തുല്‍ റഹ്മയിലെ എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിന് പിന്നാലെ ഗഫൂര്‍ ഹാജിയുടെ വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയുമടക്കം 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നാലെ വിദേശത്തായിരുന്ന മകന്‍ നാട്ടിലെത്തി ഇതു സംബന്ധിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ മറവുചെയ്ത മൃതദേഹം ഇതേതുടര്‍ന്ന് ഏപ്രില്‍ 27ന് കബറിടത്തില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പിന്നാലെ നാട്ടുകാര്‍ കര്‍മസമിതി രൂപവത്ക്കരിച്ചു.
യുവതിയുടെ വീട്ടില്‍ മെറ്റല്‍ ഡിക്ടക്റ്റര്‍ അടക്ക മുള്ളവയുടെ സഹായത്തോടെ പൊലീസ് പരിശോധന നടത്തി. അഭിചാരക്രീയയുടെ ഭാഗമായി സ്വര്‍ണം കുഴിച്ചിട്ടിരിക്കാമെന്ന അനുമാനത്തില്‍ മെറ്റല്‍ ഡിക്ടറ്റര്‍ സഹായത്താല്‍ വീട്ടുവളപ്പിലും അടുത്ത പറമ്പിലും കുഴികളെടുത്തു പരിശോധിച്ചു. ഇതിലൊന്നും ഫലമില്ലാതെ വന്നതോടെയാണ് പോലീസ് നുണ പരിശോധനയ്ക്ക് ഇരുവരെയും വിധേയമാക്കാന്‍ ശ്രമിച്ചത്. ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ യുപിവിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
Post a Comment
0 Comments