കൊച്ചി: പിതാവിനെ കാണാനാകാതെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്ന് ബംഗളൂരൂവിലേക്ക് മടങ്ങും. ജാമ്യ ഇളവ് അവസാനിച്ചതിനെ തുടര്‍ന്നാണ് മടക്കം. ജൂണ്‍ 26നാണ് മഅ്ദനി കേരളത്തിലെത്തിയത്. ഇന്നു രാത്രി 9.30നുള്ള ഇന്‍ഡിഗോ വിമാനത്തിലാകും മഅ്ദനിയുടെ ബംഗളൂരുവിലേക്കുള്ള മടക്കം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആശുപത്രിയില്‍നിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെടും. കര്‍ണാടക പൊലീസ് സംഘവും മടക്കയാത്രയില്‍ കൂടെയുണ്ടാകും. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ 12 ദിവസത്തെ ഇളവിലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തിയത്.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് നാട്ടിലെത്തിയെങ്കിലും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ ഇതുവരെ കാണാനായിട്ടില്ല. ജൂണ്‍ 26ന് വൈകീട്ട് വിമാനമാര്‍ഗമാണ് മഅ്ദനി കൊച്ചിയിലെത്തിയത്. അവിടെനിന്ന് അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജാമ്യ ഇളവു ലഭിച്ച 11 ദിവസവും കൊച്ചിയില്‍ ചികിത്സയിലായിരുന്നു മഅ്ദനി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പിതാവിനെ കാണാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാനാകാതെ ബംഗളൂരുവിലേക്കു തന്നെ തിരികെ മടങ്ങേണ്ടിവരുന്നത്.
Post a Comment
0 Comments