Type Here to Get Search Results !

Bottom Ad

അഞ്ചുവയസുകാരിയുടെ കൊല; പൊലീസ് അനാസ്ഥക്ക് എതിരെ കോണ്‍ഗ്രസ് മാര്‍ച്ച്, നഗരസഭയെ വിമര്‍ശിച്ച് എല്‍ഡിഎഫ്


ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ പേരില്‍ രാഷ്ട്രീയപ്പോര് കടുക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരിയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരം. പൊലീസ് അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ്, ആലുവ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.

കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച ആരോപിച്ചാണ് ഇടതു മുന്നണിയുടെ പ്രതിരോധം. പ്രതിഷേധവുമായി നഗരസഭയിലേക്കാണ് എല്‍ ഡി എഫ് മാര്‍ച്ച് നടത്തുക. കൊലപാതകത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ബിജെപിയും ഇന്ന് എസ്പി ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ പൊതു ദര്‍ശനത്തിനും, സംസ്‌കാര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതില്‍ പ്രതിഷേധം വ്യക്തമാക്കി ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഔചിത്യം ഇല്ലെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറയുന്നത്.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ ഞായറാഴ്ച രാത്രി മന്ത്രി വീണാ ജോര്‍ജും ജില്ലാ കലക്ടറും എത്തി. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രിവീണാ ജോര്‍ജ് ആശ്വസിപ്പിച്ചു. നടന്നത് പൈശാചികമായ കൊലപാതകമാണെന്നും സമൂഹത്തിന് ആകെ ഉണ്ടായത് വലിയ വേദനയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad