ബദിയടുക്ക: സ്വകാര്യക്ലിനിക്കില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ പുറത്തിറങ്ങിയ ഡോക്ടര്‍ കിണറ്റില്‍ ചാടി. ബദിയടുക്ക ടൗണിലെ പ്രശാന്തി ക്ലിനിക്ക് ഉടമ ഡോക്ടര്‍ പ്രദീപ്കുമാറാണ് ക്ലിനിക്കിന് സമീപത്തെ കിണറ്റില്‍ ചാടിയത്. ഇന്നലെ വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. പരിശോധനക്കായി നിരവധി രോഗികള്‍ ഡോക്ടര്‍ പ്രദീപ്കുമാറിന്റെ ക്ലിനിക്കിലെത്തിയിരുന്നു. കുറച്ച് രോഗികളെ പരിശോധിച്ച് പറഞ്ഞുവിട്ട ശേഷം ഒരു രോഗിയെ കൂടി പരിശോധിക്കുന്നതിനിടെ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ക്ലിനിക്കിന് പുറത്തിറങ്ങിയ ഡോക്ടര്‍ ഉടന്‍ തന്നെ കിണറ്റില്‍ ചാടുകയായിരുന്നു.
ശബ്ദം കേട്ട് ആയുര്‍വേദ ഡോക്ടറായ ഭാര്യ കിണറിലേക്ക് നോക്കിയപ്പോള്‍ കിണറിന്റെ പടവില്‍ പിടിച്ച് നില്‍ക്കുന്ന ഡോക്ടറെയാണ് കണ്ടത്. ഭാര്യ ബഹളം വെച്ചതോടെ ഡോക്ടറുടെ വീട്ടിലെ രണ്ട് ജോലിക്കാരെത്തി കിണറ്റിലിറങ്ങി ഡോക്ടറെ കരക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജോലിക്കാര്‍ കിണറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാരും ഓടിയെത്തി.
തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്സാണ് ഡോക്ടറെയും രണ്ട് ജോലിക്കാരെയും കിണറില്‍ നിന്ന് പുറത്തെടുത്തത്. അപ്പോഴേക്കും മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. പരേതനായ ഡോ. ഗോപാലകൃഷ്ണഭട്ടിന്റെ മകനാണ് ഡോക്ടര്‍ പ്രദീപ്കുമാര്‍.
Post a Comment
0 Comments