അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് വിലാപയാത്രയായി കോട്ടയം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. കോൺഗ്രസിലെ അനിഷേധ്യ നേതാവും, സർവോപരി ജനകീയനുമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കേരളം കണ്ണീര്‍ പൊഴിക്കുകയാണ്. തലസ്ഥാനത്ത് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെപിസിസി ആസ്ഥാനത്തുമെല്ലാം ജനസാഗരമാണ് എത്തിച്ചേർന്നത്.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. ഇത് പരിഗണിച്ച് ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.
അതേസമയം തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വിലാപ യാത്ര പരിഗണിച്ചാണ് ക്രമീകരണം.
Post a Comment
0 Comments