ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംപ്ലിഫയറില്‍ നിന്ന് മൈക്കിലേക്കുള്ള കേബിള്‍ ബോധപൂര്‍വം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തല്‍. പൊലീസ് സ്വമേധയാ എടുത്ത കേസില്‍ ഇന്‍സ്പെക്ടര്‍ ബി.എം ഷാഫിയാണ് അന്വേഷണം നടത്തുന്നത്.
പൊതുസുരക്ഷയില്‍ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി പ്രതി അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മൈക്ക് തടസപ്പെട്ടതില്‍ പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ പരിശോധനയ്ക്ക് അയയ്ക്കണമെങ്കില്‍ കേസ് എടുക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മുഖ്യമന്ത്രി സംസാരിക്കാന്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ ഉമ്മന്‍ചാണ്ടി മുദ്രാവാക്യങ്ങള്‍ വിളിച്ചതും കൃത്യം സമയത്ത് മൈക്ക് തകരാറില്‍ ആയതും ആസൂത്രിത നീക്കം ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പരിശോധനക്ക് ശേഷം പിടിച്ചെടുത്ത മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ തിരികെ നല്‍കും. അതേസമയം പരിപാടിക്കിടെ തടസം ഉണ്ടായത് വെറും സാങ്കേതിക പ്രശ്‌നം മാത്രം ആണെന്നും അതില്‍ ആസൂത്രിതമായി ഒന്നും ഇല്ലെന്നുമാണ് കോണ്‍ഗ്രസ് വാദം.
Post a Comment
0 Comments