കാസര്‍കോട്: മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മുസ്ലിം യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ പരാമര്‍ശമടങ്ങിയ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കടുത്ത സംഘടനതല പരിശോധനയ്‌ക്കൊരുങ്ങി സംസ്ഥാന നേതൃത്വം. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് കാഞ്ഞങ്ങാട് മണ്ഡലം ലീഗ് ഓഫീസില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
റാലിക്കിടെ പാടില്ലാത്ത മുദ്രാവാക്യം വിളിച്ച സംഭവത്തെ ഗൗരവകരമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ബാഹ്യ ഇടപെടലും സംഘടന സംശയിക്കുന്നുണ്ട്. വിഷയം പരിശോധിക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹിന്‍ (കോട്ടയം), സെക്രട്ടറി സി. മുഹമ്മദലി (കണ്ണൂര്‍) എന്നിവരെ കമ്മീഷനായി നിയമിച്ചിട്ടുണ്ട്. തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറും.
മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചപ്പോള്‍ ഏറെ കരുതലോടെയാണ് പരിപാടി ഒരുക്കിയത്. വിളിക്കേണ്ട മുദ്രാവാക്യം അച്ചടിച്ച് ലാമിനേഷന്‍ നടത്തി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബോധപൂര്‍വവും വിദ്വേഷ പരാമര്‍ശമടങ്ങിയ മുദ്രാവാക്യം വിളിക്കുകയായിരുന്നു. അതുമാത്രം വിഡിയോയില്‍ പകര്‍ത്തിയതും സംഘടനക്ക് പുറത്തുള്ള ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ചതിനും പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടോ എന്ന കാര്യത്തില്‍ സംശയമുയര്‍ത്തുന്നു.
Post a Comment
0 Comments