കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയിലുള്ള കളനാട് സ്വദേശിയുടെ ഹര്‍ജിയില്‍ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു. ഫാഷന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍, അഞ്ചരപ്പാട്ടില്‍ ഹിഷാം, സി.ഷുക്കൂര്‍, ഫാഷന്‍ ഗോള്‍ഡ് സെക്രട്ടറി സന്ദീപ് സതീഷ് എന്നിങ്ങനെ 4 പേര്‍ക്കെതിരെയാണു കേസെടുത്തത്. മേല്‍പറമ്പ് സിഐ ഉത്തംദാസിന്റെ നേതൃത്വത്തിലാകും കേസ് അന്വേഷിക്കുക.
ഫാഷന്‍ ഗോള്‍ഡിന്റെ ഡയറക്ടറായി കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്ന് കളനാട് സ്വദേശി എസ്.കെ.മുഹമ്മദ് കുഞ്ഞി ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണു നടപടി. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു കേസെടുത്തത്. നിക്ഷേപത്തട്ടിപ്പ് കേസില്‍ 11ാം പ്രതിയാണ് മുഹമ്മദ് കുഞ്ഞി. ഫാഷന്‍ ഗോള്‍ഡിന്റെ ഡയറക്ടര്‍മാരുടെ പട്ടികയില്‍ 2013ല്‍ തന്റെ പേരുള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്നാണ് ഹര്‍ജി. കേസില്‍ പ്രതിയാക്കിയപ്പോളാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ വാദം.
സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചെങ്കിലും ഡയറക്ടറാക്കിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ പേരില്‍ അപേക്ഷ നല്‍കിയ സമയത്ത് വിദേശത്തായിരുന്നു എന്നു തെളിയിക്കുന്ന രേഖകളും ഇദ്ദേഹം കോടതിയില്‍ ഹാജരാക്കി. ഡയറക്ടറാകാനുള്ള സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് നോട്ടറിയായിരുന്ന ഷുക്കൂറാണ്. ആ രേഖകളിലെ ഒപ്പ് വ്യാജമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 2017ല്‍ മുഹമ്മദ് കുഞ്ഞിയെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.
Post a Comment
0 Comments