ആലുവ: ആലുവയില്‍നിന്ന് കാണാതായ അഞ്ച് വയസുകാരി ചാന്ദ്നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള അസം സ്വദേശി അസ്ഫാക് ആലം കുറ്റം സമ്മതിച്ചു. അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി പറഞ്ഞു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നെന്നും കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.
കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. പൊലീസ് വാഹനം ജനങ്ങള്‍ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു.
ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നും ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളാണ് കൊല്ലപ്പെട്ട ചാന്ദ്‌നി. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ അസം സ്വദേശി അസ്ഫാക് ആലം ഇന്നലെ രാത്രിതന്നെ പിടിയിലായിരുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞത്.
മുക്കത്തെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയ കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും സുഹൃത്തിന്റെ സഹായം കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ലഭിച്ചുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്കാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറഞ്ഞിരുന്നു.
Post a Comment
0 Comments