പള്ളിക്കര: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പൂച്ചക്കാട് എം.സി ഗഫൂര്‍ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന കേരളത്തിന് പുറത്തെ ലാബിലേക്ക് അയക്കണമെന്നും ദുരൂഹത മാറ്റണമെന്നും ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബേക്കല്‍ പൊലീസിന് ഫലം ലഭിച്ചത്. രാസപരിശോധന ഫലം പുന:പരിശോധിക്കണമെന്നും പ്രതിയെന്ന് സംശയിക്കുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ആമു ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി.കെ അബ്ദുല്‍ റഹ്‌മാന്‍, സിദ്ദീഖ് പളളിപ്പുഴ, തര്‍ക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, ബി.എം മൂസ, ബി.കെ ബഷീര്‍, കപ്പണ അബൂബക്കര്‍, കെ.എസ് മുഹാജിര്‍, അലി പൂച്ചക്കാട്, പി. കുഞ്ഞാമദ് പൂച്ചക്കാട്, കെ. മുഹമ്മദ് തൊയിബ്, ടി.പി അബ്ദുല്‍ റഹ്‌മാന്‍, ബഷീര്‍ പൂച്ചക്കാട് സംസാരിച്ചു.
ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 596 പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ട്. 12 കുടുംബാംഗങ്ങളില്‍ നിന്നു മാണ് ഹാജി സ്വര്‍ണം സ്വരൂപിച്ചത്. ഒരു മന്ത്രവാദിനിയുടെ ഇടപെടലാണ് നാട്ടുകാരിലും ബന്ധുക്കളിലും സംശയമുണ്ടാകാന്‍ കാരണം. കഴിഞ്ഞ കുറെ കാലമായി മന്ത്രവാദിനി ഗഫൂര്‍ ഹാജിയെ ചുറ്റിപറ്റി നടന്നിരുന്നു. ഈമന്ത്രവാദിനിയെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്.
നേരത്തെ കാസര്‍കോട് വ്യാപാരിയില്‍ നിന്നും 40 ലക്ഷം രൂപയും അജാനൂര്‍ മുട്ടുന്തലയിലെ ഗള്‍ഫ് വ്യാപാരിയില്‍ നിന്ന് നിധിയുണ്ടെന്ന് പ്രലോഭിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഗഫൂര്‍ ഹാജിയുടെ മരണത്തിലും സംശയമുണ്ടാകാന്‍ കാരണം. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സായാഹ്ന സദസ്, ബഹുജന ഒപ്പുശേഖരണം എന്നിവ നടന്നിരുന്നു. ശേഖരിച്ച ഒപ്പ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാരവാഹികള്‍ നേരിട്ട് കൈമാറിയിരുന്നു.
Post a Comment
0 Comments