Type Here to Get Search Results !

Bottom Ad

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ 'ഇന്ത്യ'യുടെ അവിശ്വാസത്തിനു അനുമതി


ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസിനു ലോക്‌സഭയില്‍ അവതരണാനുമതി നല്‍കി. അടുത്ത 10 ദിവസത്തിനകം പ്രമേയം ചര്‍ച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്നു സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസമില്‍നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണു നോട്ടിസ് നല്‍കിയത്.

ഇന്ത്യ മുന്നണിക്കു പുറത്തുനില്‍ക്കുന്ന ഭാരത് രാഷ്ട്രസമിതി (ബിആര്‍എസ്) നേതാവ് നമ നാഗേശ്വരറാവുവും അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും പരിഗണിച്ചില്ല. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും ഈ നോട്ടിസിനെ പിന്തുണച്ചിരുന്നു. കുറഞ്ഞത് 50 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പ്രമേയത്തിന് അവതരണാനുമതി ലഭിക്കൂ. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ പ്രതിപക്ഷം അവിശ്വാസപ്രമേയ നോട്ടിസിന്റെ കാര്യം എടുത്തിട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അതിനു കീഴ്വഴക്കങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂറിനുശേഷം പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മണിപ്പുര്‍ വിഷയത്തില്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ സഭ നിര്‍ത്തിവച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad