തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതോടെ കേരളത്തില്‍ വില്‍ക്കുന്ന പാലിന്റെ വില ഉയര്‍ത്തി കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍. കര്‍ണാടകയില്‍ 500 മില്ലിലീറ്റര്‍ നന്ദിനി പാലിന് 21 രൂപയാണു വില ഈടാക്കുന്നത്. ഈ പാല്‍ കേരളത്തില്‍ വില്‍ക്കുന്നതിനെ സര്‍ക്കാരും മില്‍മയും എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടകത്തില്‍ 21 രൂപയ്ക്ക് വില്‍ക്കുന്ന പാലിന് കേരളത്തില്‍ 29 രൂപ നന്ദിനി ഈടാക്കും. പാല്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ക്ക് വില കുറവാണെന്നു നന്ദിനി അധികൃതര്‍ പറഞ്ഞു. പാല്‍, ഐസ്‌ക്രീം, പനീര്‍, ചീസ്, ചോക്കലേറ്റ്, കുക്കീസ് തുടങ്ങി 600 ലേറെ ഉല്‍പന്നങ്ങളാണു നന്ദിനി കേരളത്തില്‍ വില്‍ക്കുന്നത്.
'നന്ദിനി' കേരളത്തില നിന്ന് പിന്നോട്ട് പോകില്ലെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി കള്‍ നന്ദിനി ആരംഭിച്ചു. കേരളത്തില്‍ 6 ഔട്‌ലറ്റുകളാണ് നന്ദിനിക്ക് ഇപ്പോള്‍ ഉള്ളത്. മൂന്ന് ഔട്‌ലെറ്റുകള്‍ കൂടി ഉടന്‍ ആരംഭിക്കും. എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ഇനി തുടങ്ങുക. കേരളത്തിലെ പാല്‍ വിപണി വാഴുന്ന 'മില്‍മ'യുടെ ഉടമകളായ കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് കര്‍ണാടകയില്‍ നിന്നുള്ള 'നന്ദിനി' വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത്.
Post a Comment
0 Comments