കാസര്‍കോട്: 'എന്തിനാ മോനേ നിനക്കീ മുക്കുമാല'. മാല പൊട്ടിച്ചോടിയ കള്ളനോടുള്ള നാരായണിയമ്മയുടെ ഡയലോഗില്‍ അവര്‍ക്ക് തിരിച്ചുകിട്ടിയത് രണ്ടര ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണമാല. ശനിയാഴ്ച ഉച്ചയോടെയാണ് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പള്ളിക്കര പൂച്ചക്കാട് തെക്കുപുറം സ്വദേശി പി. കുഞ്ഞിരാമന്റെ ഭാര്യ കെ. നാരായണി (73)യുടെ സ്വര്‍ണമാല തട്ടിപ്പറിച്ചത്.
തെക്കുപുറം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് സംഭവം. പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂജകഴിഞ്ഞ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു നാരായണിയമ്മ. അതിനിടെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ നാരായണിയമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ മാല പൊട്ടിക്കുകയായിരുന്നു. ബഹളം വെച്ചിട്ടു കാര്യമില്ലെന്ന് തോന്നിയ നാരായണിയമ്മ മാല മോഷ്ടിച്ച് ഇരുചക്ര വാഹനത്തില്‍ തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് അവസാനത്തെ തന്ത്രമായാണ് മുക്കുമാലയാണെന്ന് തട്ടിവിട്ടത്. കേട്ടയുടന്‍ പൊട്ടിച്ചെടുത്തത് മുക്കുമാലയാണെന്ന് വിശ്വസിച്ച കള്ളന്മാര്‍ നാലര പവന്‍ സ്വര്‍ണ മാല റോഡിലേക്ക് വലിച്ചെറിഞ്ഞ് സ്ഥലം വിടുകയായിരുന്നു. നാരായണിയമ്മയുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments