ബേക്കല്‍: കാസര്‍കോട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. വൃദ്ധയെ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ബേക്കല്‍ പുതിയ കടപ്പുറത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. പുതിയ കടപ്പുറത്തെ ഭാരതിയെ (65)യാണ് ദേഹമാസകലം പട്ടിയുടെ കടിയേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ തൊട്ടടുത്ത ക്ഷേത്രത്തില്‍ അടിച്ചുവാരാന്‍ പോയതായിരുന്നു ഭാരതി. പിന്നാലെ എത്തിയ പട്ടിക്കൂട്ടം ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തോളിനും ഇരുകൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി കടിയേറ്റിട്ടുണ്ട്. രാവിലെ ആയതിനാല്‍ അധികമാരും സംഭവം കണ്ടിരുന്നില്ല. പിന്നീട് ഇതുവഴി പോയ ഒരാളാണ് വൃദ്ധയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയത്. അപ്പോഴേക്കും പട്ടിക്കൂട്ടം ഓടിപ്പോയിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബദിയടുക്ക, വെള്ളരിക്കുണ്ട്, നീലേശ്വരം, മേല്‍പറമ്പ്, ചെറുവത്തൂര്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ ഒരാഴ്ചയ്ക്കിടെ പട്ടിയുടെ ആക്രമണം ഉണ്ടായിരുന്നു. മേല്‍പറമ്പില്‍ അപാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിയുന്ന പുത്തന്‍ സ്‌കൂടറാണ് കടിച്ചുകീറിയത്. വെള്ളരിക്കുണ്ടില്‍ പട്ടി ഓടിച്ചതിന് തുടര്‍ന്ന് 17കാരിയായ വിദ്യാര്‍ഥിനിക്ക് കുഴിയില്‍ വീണ് പരുക്കേറ്റിരുന്നു. ഭീമനടി കാലിക്കടവിലെ റശീദിന്റെ മകളും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ നജ്‌ല മറിയത്തിനാണ് പരുക്കേറ്റത്.
Post a Comment
0 Comments