Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന്‍ നേരിട്ട് ഹാജരാകാന്‍ കോടതി


കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതികളായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി കെ സുരേന്ദ്രനും മറ്റ് പ്രതികളും നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസയച്ചു. 

കെ. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. കഴിഞ്ഞ മാസം കോടതി നിര്‍ദേശ പ്രകാരം സുരേന്ദ്രനും കൂട്ടുപ്രതികളും ഹാജരാകേണ്ടതായിരുന്നെങ്കിലും ഇവരുടെ അഭിഭാഷകരാണ് കോടതിയിലെത്തിയത്. ഇനി നേരിട്ട് ഹാജരാകാനാണ് കോടതി നോട്ടീസ് അയച്ചത്. 

ആഗസ്ത് അഞ്ചിനാണ് ഇനി മഞ്ചേശ്വരം കോഴക്കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനുവരിയിലാണ് ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Post a Comment

0 Comments

Top Post Ad

Below Post Ad