ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലം ലക്ഷ്യമിട്ട് ബിജെപി കരുക്കൾ നീക്കിതുടങ്ങുകയാണ്. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി കളത്തിലിറക്കുവാനാണ് ശ്രമം. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎന്‍ പ്രതാപന്‍ എംപി തിരുത്തിയതോടെ രണ്ടാം അങ്കത്തിനുള്ള ഒരുക്കവും തുടങ്ങി. മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി മുന്നില്‍ കാണുന്നത്. മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പം ഇറങ്ങുന്നതോടെ തൃശൂരിൽ ഇത്തവണ മത്സരം കനക്കും.
പാർട്ടി വോട്ടുകൾക്ക് പുറമേ സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ ധാരണ. ക്രിസ്ത്യൻ സഭകളുമായി രാഷ്ട്രീയ ഐക്യത്തിന് ഉണ്ടാക്കാനുള്ള ശ്രമത്തിന്ററെ പരീക്ഷണശാലയായും തൃശൂരിനെ ബിജെപി കാണുന്നു. അതോടൊപ്പം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി വോട്ടർമാർക്കിടയിൽ കൂടുതൽ ജനകീയമാക്കാനുള്ള വമ്പൻ പദ്ധതികളും പാർട്ടി ദേശീയ നേതൃത്വത്തിനുണ്ട്.
കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കാനുള്ള നീക്കവുമായി ബിജെപി നേതൃത്വം മുന്നോട്ട് പോകുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് ശ്രമം നടത്തുന്നത് എന്നാണ് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുൻപ് മന്ത്രിസഭയിൽ മാറ്റമുണ്ടായേക്കും. എന്നാൽ മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്.
Post a Comment
0 Comments