മധുര: വ്യാജ പ്രചരണം നടത്തിയതിന് ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യ അറസ്റ്റില്‍. മധുര എംപി സു വെങ്കിടേശനെതിരായ ട്വീറ്റുമായി ബന്ധപ്പെട്ടാണ് എസ് ജി സൂര്യയെ മധുര പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ സിപിഎം കൗണ്‍സിലറായ വിശ്വനാഥന്‍ ഒരു ശുചിത്വ തൊഴിലാളിയോട് അഴുക്കുചാല്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചെന്നും, തൊഴിലാളി അലര്‍ജിയെ തുടര്‍ന്ന് മരിച്ചെന്നുമായിരുന്നു സൂര്യയുടെ ട്വീറ്റ്. വിഷയത്തില്‍ വെങ്കിടേശന്‍ മൗനം പാലിക്കുകയാണെന്നും, വിഘടനവാദത്തിന്റെ കപട രാഷ്ട്രീയം ആ അഴുക്കുചാലിനേക്കാള്‍ മോശമാണെന്നും സൂര്യ ട്വീറ്റില്‍ ആക്ഷേപിച്ചിരുന്നു.
മധുര എം.പിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം സൂര്യ നടത്തിയെന്ന് കാണിച്ച് ജൂണ്‍ 12ന് സിപിഎം അര്‍ബന്‍ ജില്ലാ സെക്രട്ടറി എം ഗണേശനും പാര്‍ട്ടി പ്രവര്‍ത്തകരും സിറ്റി പൊലീസ് കമ്മീഷണര്‍ നരേന്ദ്രന്‍ നായര്‍ക്ക് പരാതി നല്‍കിയിരുന്നു. മധുര കോര്‍പ്പറേഷനില്‍പെണ്ണാടം ടൗണ്‍പഞ്ചായത്തും ഇടതു പാര്‍ട്ടിയില്‍ നിന്നും വിശ്വനാഥന്‍എന്ന കൗണ്‍സിലര്‍ഇല്ലെന്നും സിപിഎം വ്യക്തമാക്കി. നടക്കാത്ത ഒരു സംഭവത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ സൂര്യ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഗണേശന്‍ ആരോപിച്ചിരുന്നു.
Post a Comment
0 Comments