കണ്ണൂര്‍: തെരുവുനായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഭീഷണി. മൃഗസ്നേഹികള്‍ എന്നവകാശപ്പെടുന്ന ഏതാനും പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലിസില്‍ പരാതി നല്‍കി.
ജില്ലാ പഞ്ചായത്ത് കക്ഷി ചേര്‍ന്നതിനു പിന്നാലെ ആക്രമണകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്തുന്നതു സംബന്ധിച്ച ഹരജിയില്‍ സുപ്രിംകോടതി ഇന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിനിടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരേ കൊലവിളിയും അസഭ്യവര്‍ഷവും നടത്തുന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫീഡേഴ്സ് ഗ്രൂപ്പ് കേരള എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ ദിവ്യയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചാണ് പ്രചരിപ്പിക്കുന്നത്.
ഒരു സ്ത്രീയുടെ അത്യന്തം പ്രകോപനപരമായ ശബ്ദരേഖയും പോലിസിനു നല്‍കിയ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇവളെ കാണുമ്പോള്‍ തന്നെ കൊല്ലാന്‍ തോന്നുന്നുവെന്നും എന്റെ മക്കളെ ഓര്‍ത്തിട്ടാണ്, അല്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ പോയി തല്ലിക്കൊല്ലുമായിരുന്നു എന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഇവരെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും കലാപാഹ്വാനത്തിനാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. വാക്സിന്‍ മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന മൃഗസംരക്ഷ എന്ന കപടമുഖമുള്ള ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണമെന്നും പി പി ദിവ്യ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബ്ദരേഖ അയച്ച ആളെ കണ്ടെത്തണമെന്നും ഗ്രൂപ്പ് അഡ്മിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പിപി ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments