കാസര്‍കോട്: മത-സാമൂഹിക രാഷ്ട്രീയ, കാരുണ്യ മേഖലകളില്‍ മൂന്നു പതിറ്റാണ്ട് കാലം ജില്ലയ്ക്കകത്തും പുറത്തും നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡിന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. സുബൈര്‍ ഹുദവി അര്‍ഹനായി. മുന്‍ കണ്ണൂര്‍ വിസി ഡോ. ഖാദര്‍ മാങ്ങാട്, നജീബ് കാന്തപുരം, എംഎല്‍എ, ന്യൂന പക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ സുബൈര്‍ നെല്ലിക്കാപറമ്പ് എന്നിവര്‍ ചേര്‍ന്നുള്ള ജഡ്ജിംഗ് പാനലാണ് ഡോ. സുബൈര്‍ ഹുദവിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ആദ്യവര്‍ഷം ഈ അവാര്‍ഡ് ലഭിച്ചത് മുന്‍ കണ്ണൂര്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെപി ജയരാജനാണ്. പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. ജൂലൈ ആദ്യവാരത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന മെട്രോ അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധേയനായ വിദ്യാഭ്യാസ പ്രവര്‍ത്തകനും എഴുത്തുകാരനും വാഗ്മിയും ചിന്തകനുമാണ് ഡോ. സുബൈര്‍ ഹുദവി. മതധാര്‍മിക വിദ്യാഭ്യാസത്തോടൊപ്പം ആധുനിക ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് കേരളീയ പഠനരീതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിന്നോക്ക പ്രദേശങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തുപിടിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സുബൈര്‍ ഹുദവിയുടെ നേതൃത്വത്തിലുള്ള ഖുര്‍തുബ വെല്‍ഫയല്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ശ്രമഫലമായി അക്ഷരമുറ്റത്തേക്ക് കടന്നുവരാത്തവരും ഇടക്കുവച്ച് പഠനം ഉപേക്ഷിച്ചവരുമായ നൂറുകണക്കിന് കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ ബീഹാറിലെ കിഷന്‍ഗഞ്ചില്‍ വലിയൊരു വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കുകയുണ്ടായി. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക-തൊഴില്‍ മേഖലകളില്‍ പ്രാവീണ്യം നേടാനുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഡയറക്ടറും സ്ഥാപകനുമായിട്ടുള്ള പ്രയാണ്‍ ഫൗണ്ടേഷനും ഹുദവികളുടെ കൂട്ടായ്മയായ ഹാദിയയും ചേര്‍ന്ന് നിരവധി സംരംഭങ്ങള്‍ ഉത്തരേന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളില്‍ നടപ്പാക്കിവരുന്നു.
മലപ്പുറം ചേകന്നൂര്‍ സ്വദേശിയായ ഡോ. സുബൈര്‍ ഹുദവി ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്ന് ഹുദവി ബിരുദം നേടിയ ശേഷം ഹൈദരബാദ് ഉസ്മാനിയ മധുര കണ്ട് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി. കോട്ടയം എംജി യൂണിവേഴ്‌സിറ്റിയില്‍ സി.എച്ച് ചെയറിന്റെ ചെയര്‍പേഴ്‌സണായി ഏതാനും വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ചു. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജ് അസി. പ്രൊഫസറായി ജോലി ചെയ്തു. യുഎസ്, യുകെ. തുടങ്ങി നിരവധി രാജ്യാന്തര സെമിനാറുകളില്‍ പങ്കെടുത്തു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് പ്രസിഡന്റുമാരായ മൂസ ബി ചെര്‍ക്കള, കാപ്പില്‍ കെ.ബി.എം ഷരീഫ്, സെക്രട്ടറിമാരായ അബ്ദുല്‍ റസാഖ് തായലക്കണ്ടി, അഷ്‌റഫ് കോട്ടോടി, മുഹമ്മദലി ചിത്താരി, ബികെ മുഹമ്മദ് കുഞ്ഞി പങ്കെടുത്തു.
Post a Comment
0 Comments