ആലപ്പുഴ: മാവേലിക്കരയില്‍ ആറു വയസുകാരിയായ മകളെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മദ്യലഹരിയിലെന്നു പ്രാഥമിക വിവരം. കഴുത്തില്‍ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, പ്രതിക്കു മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീ മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം അമ്മ സുനന്ദ(62)യെയും മഹേഷ് ആക്രമിച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ദാരുണ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്റെ സിറ്റ്ഔടില്‍ സോഫയില്‍ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീ മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Post a Comment
0 Comments