കാസര്‍കോട്: വ്യാജപ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കരിന്തളം ഗവ. കോളേജില്‍ അധ്യാപികയായി ജോലി ലഭിക്കാന്‍ വ്യാജരേഖ ഹാജരാക്കിയ കേസിലും വിദ്യ പ്രതിയാണ്. ഈ കേസില്‍ വിദ്യയെ ചോദ്യം ചെയ്യലും തെളിവെടുപ്പും അറസ്റ്റും അടക്കമുള്ള നടപടികളിലേക്ക് കടക്കണമെങ്കില്‍ നീലേശ്വരം പൊലീസിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങണം.
കോഴിക്കോട് പേരാമ്പ്ര ആവള കുട്ടോത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ഇന്നലെയാണ് വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇന്നുതന്നെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അഗളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോകും. വിദ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്ന് തന്നെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വിദ്യയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്കാണ് നീലേശ്വരം പൊലീസ് കടക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ വിദ്യയെ കരിന്തളം ഗവ. കോളേജിലും പ്രതിയുടെ തൃക്കരിപ്പൂരിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കരിന്തളം ഗവ. കോളേജില്‍ വ്യാജരേഖ ഹാജരാക്കിയതിന് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദ്യ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരുന്നു.
അറസ്റ്റിലായതോടെ ഈ ജാമ്യാപേക്ഷ അപ്രസക്തമായി. വിദ്യക്കെതിരെ നീലേശ്വരം പൊലീസ് 465, 468, 471, 420 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. 420 വകുപ്പ് പ്രകാരം വിശ്വാസവഞ്ചനക്ക് ഏഴ് വര്‍ഷം വരെയുള്ള തടവാണ് ലഭിക്കുക. മറ്റ് വകുപ്പുകളില്‍ രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ. 420 ഒഴികെയുള്ള വകുപ്പുകള്‍ക്ക് കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്. 420 വകുപ്പ് പ്രകാരം ജാമ്യം നിഷേധിക്കാമെങ്കിലും കുറ്റം സ്ഥാപിക്കാനായില്ലെങ്കില്‍ സുപ്രീംകോടതി റൂളിങ്ങ് പ്രകാരം ജാമ്യം അനുവദിക്കാം.
Post a Comment
0 Comments