തിരുവനന്തപുരം: നിരന്തരം വിവാദങ്ങളിലൂടെ സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി എസ്.എഫ്.ഐ. സി.പി.എമ്മിലെ ചില നേതാക്കള്‍ എസ്.എഫ്.ഐയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും സംഘടനയുടെ ഇപ്പോഴത്തെ പോക്കില്‍ അതൃപ്തിയുണ്ട്. കര്‍ശനമായ തിരുത്തല്‍ നടപടികള്‍ എസ.്എഫ്.ഐയില്‍ അടിയന്തരമായി നടപ്പാക്കണം എന്ന ആവശ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
പാര്‍ട്ടിക്കുള്ളിലും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കിടയിലും ഉണ്ടായിട്ടുള്ള സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സി.പി.എം നേതൃത്വം സ്വീകരിച്ചു വരുന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കഴിഞ്ഞ കുറെക്കാലമായി വിവിധ ജില്ലകളില്‍ നടന്നുവരുന്നത്. എന്നാല്‍ ഇതിനിടയില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ വിവാദങ്ങള്‍ തുടര്‍ച്ചയായി ഉയര്‍ന്ന് വരുന്നത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്.
എസ്.എഫ്.ഐ നേതാക്കളുടെ മദ്യപാന ദൃശ്യങ്ങള്‍ പുറത്തുവന്നതും കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ടവും കെ.വിദ്യ തയ്യാറാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റും അടക്കം എസ്.എഫ്.ഐ പ്രതിക്കൂട്ടില്‍ നിന്ന വിഷയങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. നിഖിലിനെ പൂര്‍ണ്ണമായും ന്യായീകരിച്ച എസ്.എഫ്.ഐ നേതൃത്വത്തെ വെട്ടിലാക്കി കേരള സര്‍വകലാശാലയും കലിംഗാ സര്‍വകലാശാലയും രംഗത്ത് വന്നതോടെ പ്രതിസന്ധി ഇരട്ടിയായി. കൃത്യമായ വിവരങ്ങള്‍ പുറത്തു വരാതെ നിഖിലിന് എസ്.എഫ്.ഐ ക്ലീന്‍ചിറ്റ് നല്‍കിയതില്‍ പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. തുടര്‍ച്ചയായി വിവാദമുണ്ടാകുന്ന പശ്ചാത്തലത്തില്‍ എസ്.എഫ്.ഐയില്‍ സിപിഎമ്മിന്റെ കര്‍ശനമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സൂചന.
Post a Comment
0 Comments