എറണാകുളം (www.evisionnews.in): പാര്‍ട്ടി അറിയാതെ അരക്കോടിയുടെ മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിന്റെ പേരില്‍ വിവാദത്തിലായ സിഐടിയു നേതാവ് പി. കെ. അനില്‍കുമാറിനെ ചുമതലകളില്‍നിന്ന് ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഏറണാകുളം ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സിഐടിയുവിന് കീഴിലുള്ള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍സംസ്ഥാന സെക്രട്ടറി അനില്‍കുമാര്‍ പറയുമ്പോള്‍ തൊഴിലാളി നേതാവാണ്. എന്നാല്‍ അദ്ദേഹത്തിന്റെ യാത്രയാകട്ടെ ആഡംബര വാഹനങ്ങളിലും. അനില്‍കുമാറിന്റെ ഗാരേജില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് മിനി കൂപ്പറാണ്. 50 ലക്ഷം വിലയുള്ള വാഹനമാണ് ഇത്.
വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ എറണാകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലും മിനി കൂപ്പര്‍ ചര്‍ച്ചയായി. ടോയോട്ട ഇനോവ, ഫോര്‍ച്യൂണര്‍ വാഹനങ്ങളും അനില്‍കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതു യൂണിയന്‍ നേതാവിന്റെ സ്വന്തം പേരിലാണ്. എന്നാല്‍ വാഹനം വാങ്ങിയത് താനല്ലെന്നാണ് പി.കെ അനില്‍കുമാറിന്റെ വിശദീകരണം. പുതിയ കാറുമായി കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ കഴിഞ്ഞ മാസം അനില്‍കുമാര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എന്തു വാങ്ങിയാലും അതു പാര്‍ട്ടിയെ അറിയിക്കണമെന്നാണു സി.പി.എം അംഗങ്ങള്‍ക്കുള്ള നിര്‍ദേശം.
Post a Comment
0 Comments