Type Here to Get Search Results !

Bottom Ad

ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം കര്‍ണാടകയിലേക്കും


കുമ്പള: കൊടിയമ്മയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് അഞ്ച് വിരലടയാളങ്ങള്‍ ലഭിച്ചു. കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. കൊടിയമ്മ ചൂരിത്തടുക്കയിലെ ഗള്‍ഫുകാരന്‍ അബൂബക്കറിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാറാണ് ബദിയടുക്ക പള്ളത്തടുക്കയിലെ ഇടുങ്ങിയ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച അര്‍ധരാത്രിയാണ് അബൂബക്കറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 25,000 രൂപയും വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറുമാണ് കവര്‍ന്നത്.

കവര്‍ച്ചാ സംഘം വീട്ടിനകത്ത് എത്തിതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല. സംഘത്തിലെ ഒരാള്‍ പകല്‍ സമയത്ത് തന്നെ വീട്ടില്‍ കയറി ഒളിച്ചിരിക്കുകയും രാത്രിയോടെ കൂടുതല്‍ പേരെത്തി കവര്‍ച്ച നടത്തിയെന്നുമാണ് പൊലീസ് നിഗമനം. അഞ്ച് അലമാരകള്‍ പൊളിക്കാതെ താക്കോല്‍ ഉപയോഗിച്ചായിരുന്നു സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്. ഇതും കവര്‍ച്ചാ സംഘം അകത്ത് കയറിയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനാവാത്തതിലും ദുരൂഹതയുണ്ട്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പൊലീസ് നായ മണം പിടിച്ച് വീട്ടുപരിസരത്ത് ചുറ്റിത്തിരിഞ്ഞ് റോഡ് വരെ പോയി മടങ്ങിവന്നു. ഉപേക്ഷിക്കപ്പെട്ട കാര്‍ കുമ്പള പൊലീസ് കസ്റ്റഡിലെടുത്ത് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നുച്ചയോടെ വിരലടയാള വിദഗ്ധരെത്തി കാറില്‍ നിന്നും വിരലടയാളങ്ങള്‍ ശേഖരിക്കും. ബദിയടുക്കയില്‍ കാര്‍ ഉപേക്ഷിച്ച് സംഘം കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad