കൊച്ചി: എ.ഐ ക്യാമറ ഇടപാട് പരിശോധിക്കാന്‍ ഹൈക്കോടതി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതുവരെ കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. ഹരജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കോടതി പ്രശംസിച്ചു.
എഐ ക്യാമറ ഇടപാടില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹരജിക്കാര്‍ ഉന്നയിച്ച ആരോപണത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അതുവരെ കരാര്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹരജിയില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. അഴിമതി തടയുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും ഹരജിയുമായെത്തിയ എം.എല്‍.എമാര്‍ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ജൂണ്‍ മാസം മുതലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി. പദ്ധതി വഴി ഖജനാവിന് നഷ്ടമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം മൂന്നാഴ്ചയ്ക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും . ചീഫ് ജസ്റ്റിസ് എസ് വി ബാട്ടിയുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Post a Comment
0 Comments