Type Here to Get Search Results !

Bottom Ad

ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ


കാസര്‍കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദമായി ഇടപെടണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. എല്ലാ വര്‍ഷത്തെയും പോലെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഇത്തവണയും പ്രധാന ചര്‍ച്ചയായിരിക്കുകയാണ്. ജനപ്രതിനിധികളടക്കം വിദ്യാഭ്യാസ മേഖലയുമായി പ്രവര്‍ത്തിക്കുന്ന എല്ലാവരും വര്‍ഷങ്ങളായി മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും അവയെല്ലാം വനരോദനമായി മാറുകയാണ് പതിവ്.

മലബാറിലെ എല്ലാ ജില്ലകളിലും തിരുവനന്തപുരം ജില്ലയിലുമായി ഏഴു ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവ് അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചതായറിയുന്നു. എന്നാല്‍ 30 ശതമാനം സീറ്റ് വര്‍ധനവു കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്ന വിഷയമല്ല മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം. കഴിഞ്ഞ വര്‍ഷവും ഇതേരീതിയില്‍ 30 ശതമാനം സീറ്റ് വര്‍ധനവും 81 താത്കാലിക ബാച്ചുകളും അനുവദിക്കപ്പെട്ടിരുന്നുവെങ്കിലും അപേക്ഷിച്ചവരില്‍ 85000 പേര്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിച്ചിട്ടില്ലെന്നാണ് വാസ്തവം. ഇങ്ങനെ സീറ്റ് വര്‍ധനവ് ഉണ്ടായിട്ടും 471278 അപേക്ഷയില്‍ 385909 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് സ്‌കോള്‍ കേരളയെയും വലിയ ഫീസ് കൊടുത്ത് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമാണ് കഴിഞ്ഞ തവണ നിലനിന്നത്.

മുന്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പ്രൊഫസര്‍ കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഏറെ പ്രതീക്ഷയോടെയാണ് ഈകമ്മീഷനെ പൊതുസമൂഹം സമീപിച്ചതും പ്ലസ് ടു സീറ്റ് പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതും. മാത്രമല്ല 150ഓളം പുതിയ ബാച്ചുകള്‍ അനുവദിച്ചാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകും എന്ന നിര്‍ദ്ദേശവും സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അയച്ച കത്തില്‍ എം.എല്‍.എ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad